പന്തളം : 85 വയസുള്ള ശാരീരികാവശതകള്‍ അനുഭവിക്കുന്ന കാഴ്ചശക്തിയില്ലാത്ത വയോധികയെ ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലേക്കു മാറ്റി. പന്തളം പൂഴിക്കാട് കൊച്ചു മകളുമൊത്തു ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ താമസിച്ചുവന്ന തങ്കമ്മയെ ആണ് ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭയകേന്ദ്രത്തിലാക്കിയത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന് ലഭിച്ച വാട്സ്ആപ്പ് ചിത്രങ്ങളുടെയും വിവരത്തിന്റെയും അടിസ്ഥാനത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അമീഷ്, സുബീക് റഹിം എന്നിവര്‍ സ്ഥലത്തെത്തി വൃദ്ധയെ അവിടെനിന്നും മാറ്റാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീട് ടാര്‍പ്പാളിന്‍ വലിച്ചുകെട്ടി അതിനുള്ളിലാണ് ഇരുവരും താമസിച്ചുവന്നത്. പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശാനുസരണം ബീറ്റ് ഓഫീസര്‍മാര്‍ നടപടി വേഗത്തിലാക്കിയതോടെ നിരാലംബയും രോഗിയുമായ വയോധികക്ക് ആശ്രയമൊരുക്കാന്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതര്‍ തയ്യാറാവുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ബീറ്റ് ഓഫീസര്‍മാര്‍, ജനമൈത്രി വോളന്റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.