കൊച്ചി : കേരളത്തിനു വേണ്ടിയല്ലെങ്കിലും ആദ്യമായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ മലയാളി ഒളിംപ്യന്‍ ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഈ ഒളിംപ്യന്റെ പേരില്ലെങ്കിലും മഹാരാഷ്ട്ര ടീം നായകന്‍ എന്ന നിലയില്‍ 1964ല്‍ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ചന്ദ്രശേഖരനാണ് ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി.
1960ലെ റോം ഒളിംപിക്‌സില്‍ കളിച്ച ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. കാള്‍ടക്‌സ്, ബോംബെ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എസ്ബിടിക്കായും കളിക്കളത്തില്‍ ഇറങ്ങി. 1964ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.
കേരളത്തിനു വേണ്ടിയല്ലെങ്കിലും കേരളപ്പിറവിക്ക് മുമ്പുതന്നെ തിരു-കൊച്ചി സംസ്ഥാനത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട് ചന്ദ്രശേഖരന്‍. ഇരിങ്ങാലക്കുടക്കാരനായ ചന്ദ്രശേഖരന്‍ ഫുട്ബോള്‍ സ്വപ്നങ്ങളുമായാണ് എറണാകുളം മഹാരാജാസ് കോളജില്‍ ഡിഗ്രി പഠനത്തിനെത്തുന്നത്. ഡിഗ്രി അവസാന വര്‍ഷ പഠനത്തിനിടെ തിരുവനന്തപുരത്തു സന്തോഷ് ട്രോഫി ടീം തിരഞ്ഞെടുപ്പുണ്ടെന്നറിഞ്ഞ് എത്തിയ ചന്ദ്രശേഖരന്‍ തിരുകൊച്ചി ടീമില്‍ ഇടം നേടി.
അങ്ങനെ 1954ല്‍ ആദ്യ സന്തോഷ് ട്രോഫിയില്‍ കളിക്കാനിറങ്ങിയെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ ടീം തോറ്റുപുറത്തായി. എങ്കിലും പ്രതിരോധനിരക്കാരനായ ചന്ദ്രശേഖരന്റെ കളി ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോംബെ ടീമില്‍ ഉണ്ടായിരുന്ന മലയാളി പാപ്പനാണ് ചന്ദ്രശേഖരനെ ബോംബെയില്‍ കളിക്കാനായി ക്ഷണിക്കുന്നത്. അങ്ങനെ ജീവിതം മഹാനഗരത്തിലേക്കു പറിച്ചുനട്ടു.
അവിടെ അമേരിക്കന്‍ പെട്രോള്‍ കമ്പനിയായ കാല്‍ടെക്സില്‍ ജോലി കിട്ടിയെങ്കിലും കളി തന്നെയായി ജീവിതം. 1957ല്‍ മുംബൈയില്‍ കളി തുടങ്ങിയ ചന്ദ്രശേഖരന്‍ ആ വര്‍ഷം ദേശീയ ടീമിലും ഇടം നേടി. പിന്നെ ഒരു പതിറ്റാണ്ടുകാലം മഹരാഷ്ട്ര ടീമിലും ദേശീയ ടീമിലും അവിഭാജ്യ ഘടകമായിരുന്നു. 1964ല്‍ ആണ് മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെ നായകത്വം ചന്ദ്രശേഖരനിലെത്തുന്നത്.