പത്തനംതിട്ട: പഠന വൈകലുമുള്ള പതിനാല് വയസ്സു കാരിയായ പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ, ഓമല്ലൂർ ഊപ്പമൺ പാലയ്ക്കൽ വീട്ടിൽ ജോർജ് മകൻ ബാബു ജോർജിനെ (48) പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോൺ 90 വർഷം കഠിന തടവിനും മൂന്ന കാൽ ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 4വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ആണ് ശിക്ഷ. ബന്ധുവും പഠന വൈകല്യവും ഉള്ള പെൺകുട്ടിയെ 2020 കാലയളവിൽ പ്രതി തൻ്റെ വീട്ടിൽ അവധി ദിവസങ്ങളിൽ കൊണ്ട് വന്ന് താമസിപ്പിച്ചു വന്നിരുന്ന വേളയിൽ പ്രതിയുടെ വീട്ടിൽ വെച്ച് രാത്രികാലങ്ങളിൽ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പ്രതിയുടെ ബന്ധുവും അയൽവാസിയുമായ ആൾ അവിചാരിതമായി സംഭവം കാണാനിടയായതാണ് കേസിനാസ്പദമായ സംഭവം പുറത്തറിയാനിടയാക്കിയത്. പ്രതി പെൺകുട്ടിയെ കട്ടിലിൻ്റെ കാലിൽ തോർത്തു കൊണ്ട് കെട്ടിയിട്ട ശേഷമാണ് ലൈംഗിക വൈകൃതങ്ങൾ അടക്കമുള്ള പ്രവർത്തികൾ ക്കിരയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പത്തനംതിട്ട വനിതാ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എ.ആർ ലീലാമ്മ യാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വനിതാ പോലിസ് അസിസ്റ്റൻഡ് സബ്ബ് ഇൻസ്പെക്ടർ ആയ ആൻസി, സി.പി.ഒ കൃഷ്ണകുമാരി എന്നിവർ പ്രോസിക്യൂഷൻ നടപടികളുടെ ഏകോപനം നിർവ്വഹിച്ചു. നഷ്ടപരിഹാര തുക പ്രതിയിൽ നിന്നും ഈടാക്കി ഇരയായ പെൺകുട്ടിക്ക് നൽകുന്നതിനും പെൺകുട്ടിയുടെ വൈകല്യം കണക്കിലെടുത്ത് പുനരധിവാസ നടപടികൾ സ്വീകരിക്കുന്നതിലേക്കും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.