മസ്കറ്റ്: ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് റീജണല്‍ മുനിസിപ്പാലിറ്റീസ് മന്ത്രാലയം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. ഒമാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു.
അതസമയം ഇന്ന് ഒമാനിൽ 11 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ പിടിപെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ഒൻപതു ഒമാൻ സ്വദേശികൾക്കും രണ്ടു സ്ഥിരതാമസക്കാരായ പ്രവാസികൾക്കുമാണ് രോഗം പിടിപെട്ടതെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം 17 പേർ രോഗവിമുക്തരായെന്നും മന്ത്രാലയം അറിയിച്ചു.
രോഗം വ്യാപിക്കുന്നത് തടയാനായി ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങൾ, ഗ്രോസറികൾ, ക്ലിനിക്കുകൾ, ഫർമസികൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുവാൻ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികൾ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നൽകുന്നത് വിലക്കിയിട്ടുണ്ട്.
കൂടാതെ ഹെൽത്ത് ക്ലബ്ബ് , ബാർബർ ഷോപ് , ബ്യൂട്ടി പാർലറുകൾ എന്നിവ അടച്ചിടണമെന്നും ഉത്തരവിൽ പറയുന്നു. മാർച്ച് 18 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്.