ഒമാന്‍ : ഒമാനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം. നാട്ടിലേക്ക് മടങ്ങുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി നവംബർ 15ന് വെബ്സൈറ്റ് തുറക്കുമെന്നും ഒമാൻ തൊഴിൽ വകുപ്പ് വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് ഒമാൻ വിടാൻ അവസരം ലഭിക്കുക. പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ഈ അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നാട്ടിലേക്ക് മടങ്ങുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി നവംബർ 15ന് വെബ്സൈറ്റ് തുറക്കും. സനദ് സെന്‍ററുകൾ വഴി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇവർക്ക് എട്ടു മുതൽ പത്തു ദിവസത്തിനകം അനുമതി ലഭിക്കുകയും ചെയ്യും. ഇങ്ങനെ അനുമതി ലഭിച്ച പാസ്പോർട്ട് കൈവശമുള്ളവർ കോവിഡ് -19 മാനദണ്ഡം അനുസരിച്ചുള്ള പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് റിസൾട്ട് കൈവശം കരുതേണ്ടതാണ്. പാസ്പോർട്ട് കൈവശം ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എംബസിയെ സമീപിക്കണം.