ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു.10 സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. കോവിഡ് വ്യാപനം വര്‍ധിച്ച സംസ്ഥാനങ്ങളിലും വാക്സിനേഷന് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘമെത്തും. അതെ സമയം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. അതേസമയം, കേന്ദ്രസംഘം കേരളത്തില്‍ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രാജ്യത്ത് ഇതുവരെ 415 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 115 പേര് രോഗമുക്തരായി. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.108 ഒമിക്രോണ്‍ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി (79), ഗുജറാത്ത് (43), തെലുങ്കാന (38), കേരളം (37), തമിഴ്നാട് (34) എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ കനത്ത നിരീക്ഷണത്തിലാണ്. അതെ സമയം വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെയും ഒമക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .