മലപ്പുറം : ഇനിയും പാണക്കാട്ടേക്ക് പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് പാണക്കാട്ട് പോകാൻ സാധിക്കാത്തതിന്‍റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻചാണ്ടി തിരിച്ചടിച്ചു.
രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹൈദരലി തങ്ങളെ സന്ദർശിച്ചതിനെ വിമർശിച്ച വിജയരാഘവന് മറുപടി പറയുകയായിരുന്നു ഉമ്മൻചാണ്ടി. രാഷ്ട്രീയ സങ്കുചിത താൽപര്യം ലക്ഷ്യം വെച്ചു മാത്രമാണ് വിജയരാഘവൻ കടന്നാക്രമിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത അവസരത്തിൽ കേരളത്തെ രക്ഷിച്ചത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണെന്നും ഉമ്മൻചാണ്ടി ഒാർമിപ്പിച്ചു.
കെ.എം. മാണിക്കെതിരെ നിയമസഭയിൽ എൽ.ഡി.എഫ് നടത്തിയ സമരം കേരളം കണ്ടതാണ്. മാണി സാറിന്‍റെ പാർട്ടി ഇന്ന് യു.ഡി.എഫിലില്ല. വിവാദ കാലത്ത് യു.ഡി.എഫ് മാണിക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് കെ.എം. മാണിക്കെതിരെ മാർക്സിസ്റ്റ് പാർട്ടി സമരം നടത്തിയത്. എന്നാൽ മാണി സാറിന്‍റെ പാർട്ടിയെ സ്വീകരിക്കാൻ എൽ.ഡി.എഫിന് ഒരു മടിയുമില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.