തിരുവനന്തപുരം: ഓണക്കിറ്റില്‍ ശര്‍ക്കരയ്ക്കുപകരം പഞ്ചസാര ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് മാറ്റം. കിറ്റില്‍ ശര്‍ക്കര ഒഴിവാക്കി ഒന്നരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും. പലസ്ഥലത്തും ഓണക്കിറ്റില്‍ ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു.
ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശര്‍ക്കരയുടെ തൂക്കത്തില്‍ 100 ഗ്രാം വരെ കുറവുള്ളതായാണു കണ്ടെത്തല്‍. ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്ലൈകോ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് കേരളത്തിലെത്തിച്ച നാല് ലോഡ് ശര്‍ക്കരയാണ് തിരിച്ചയച്ചത്. പത്തനംതിട്ട ഉള്‍പ്പടെയുള്ള ഡിപ്പോകളിലാണ് ഗുണനിലവാരമില്ലാത്ത ശര്‍ക്കര എത്തിയത്. പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. കുഴമ്പുരൂപത്തിലെത്തിയ ശര്‍ക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചു.