ആലപ്പുഴ : ഓണക്കിറ്റിലെ ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിയെന്ന് തെളിഞ്ഞു. കൃത്രിമമായുണ്ടാക്കിയ നിറം ചേര്‍ത്ത് തയ്യാറാക്കിയ ശര്‍ക്കരയാണ് വിതരണംചെയ്തതെന്ന് കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കേരള ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
തളിപ്പറമ്പ്, കൊയിലാണ്ടി, നോര്‍ത്ത് പറവൂര്‍, പുനലൂര്‍, തലശ്ശേരി തുടങ്ങി വിവിധ സപ്ലൈകോ ഡിപ്പോ പരിധിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനാഫലത്തില്‍ കൃത്രിമനിറം ചേര്‍ത്തതായി കണ്ടെത്തിയത്. ശര്‍ക്കരയില്‍ തൂക്കക്കുറവുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിജിലന്‍സ് സംസ്ഥാനമൊട്ടാകെ ഓണക്കിറ്റ് നിറയ്ക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് തൂക്കക്കുറവിനുപുറമേ ഗുണനിലവാരമില്ലെന്നും കണ്ടെത്തിയത്.
അതേസമയം തളിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഒരു റേഷന്‍ കടയില്‍നിന്ന് ലഭിച്ച ശര്‍ക്കര ഉരുക്കി നോക്കിയ വീട്ടമ്മമാര്‍ ഞെട്ടിയിരിക്കുയാണ്. ശര്‍ക്കര ഉരുക്കിയപ്പോള്‍ കറുത്തനിറത്തിലുള്ള തരികളാണ് നിറയെ കണ്ടത്. അടുത്ത വീട്ടുകാര്‍ ഉരുക്കിയപ്പോള്‍ വാര്‍ണീഷോ ടാറോ പോലെയാണ് കണ്ടത്. സമീപത്തെ രണ്ട് വീടുകളില്‍കൂടി ഇത്തരത്തിലുള്ള ശര്‍ക്കരയാണ് ലഭിച്ചത്. മാവേലി സ്റ്റോറില്‍നിന്ന് എത്തിച്ചുനല്‍കുന്ന കിറ്റുകളാണ് റേഷന്‍കടക്കാര്‍ വിതരണം ചെയ്യുന്നത്.