തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനം കൂട്ടാനുള്ള പുതിയ പദ്ധതിയുമായി മന്ത്രി കെബി ഗണേഷ് കുമാർ. ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 58 അധിക അന്തർ സംസ്ഥാന സർവീസുകൾ മന്ത്രി പ്രഖ്യാപിച്ചു. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുവേണ്ടിയാണ് സ്പെഷ്യൽ സർവീസുകൾ. അടുത്തമാസം ഒൻപതുമുതൽ 23 വരെയാണ് സ്പെഷ്യൽ സർവീസുകൾ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കെഎസ്ആർടിസി 71 കോടിരൂപയാണ് അധികമായി സമാഹരിച്ചത്. ഏറ്റവും ഉയർന്ന ഒരുദിവസത്തെ കളക്ഷൻ 8.48 കോടി രൂപയായിരുന്നു. ഇത്തവണ അതിലും കൂടുതൽ നേടുകയാണ് ലക്ഷ്യം.ഉത്സവസീസണുകളിൽ സ്വകാര്യ ബസുടമകൾ നിരക്ക് വർദ്ധിപ്പിച്ചതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
സ്വകാര്യ ബസ് ഓപ്പറേറ്റർമാരെപ്പോലെ കെഎസ്ആർടിസി ഓണക്കാലത്ത് കൂടിയ നിരക്ക് ഈടാക്കില്ലെന്നും എല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി പ്രതിദിനം തൊണ്ണൂറിലധികം അന്തർസംസ്ഥാന ബസ് സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ആർടിസിക്കൊപ്പം കർണാടക ആർടിസിയും സീസണിൽ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. കർണാടക ആർടിസി സീസണിൽ 21 അധിക സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.