റാന്നി : ഒന്നാം ഓണമായ ഇന്ന് ഉത്രാടപാച്ചിലിന്റെ തിരക്കില്‍ നാടും നഗരവും അലിയും. മഹാപ്രളയത്തെ അതിജീവിച്ച മലയോര നാടായ റാന്നിയില്‍ കോവിഡിനു ശേഷം ഓണത്തിന്റെ വരവറിയിച്ചുള്ള തിരക്ക് എങ്ങും ദൃശ്യമാണ്. ഇടക്കിടെ മഴ കനത്തു പെയ്യുന്നുണ്ടെങ്കിലും ജനം ഓണാഘോഷത്തിന് തെരുവില്‍ എത്തിയിട്ടുണ്ട്. തിരുവോണത്തിന് ഒരുങ്ങുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറായതോടെ ഗ്രാമത്തിലെങ്ങും ആഘോഷക്കാഴ്ചയാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും ഉണ്ടായ കോവിഡ് ദുരന്തത്തില്‍ നിന്നുള്ള തിരിച്ചുവരവിന്റെ ആഘോഷം കൂടിയാണ് റാന്നിക്ക് ഈ ഓണനാളുകൾ. വിപണികളിൽ ഇതിന്റെ പ്രതിഫലനവും കാണാം.
വിലക്കുറവിൽ പൊതുജനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ നിരത്തുകളിൽ കച്ചവടക്കാരുടെ നിരയാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗ്യഹോപകരണശാലകളിലും സ്വർണക്കടകളിലും തിരക്കാണ്. ഓണം പടി വാതിലിൽ എത്തിയതോടെ പച്ചക്കറി വിലയും ഗണ്യമായി ഉയർന്നിട്ടുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഓണം സമൃദ്ധി പഴം-പച്ചക്കറി വിപണന മേളകൾ ആരംഭിച്ചത് പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. സപ്ലൈകോയുടെ നേതൃത്വത്തിലും സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയത് നാട്ടുകാര്‍ക്ക് വലിയ പ്രയോജനമാണ് ചെയ്യുന്നത്. സപ്ലൈകോ നഗരങ്ങളിലും സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലകളിലും ശ്രദ്ധ കൊടുത്തതോടെ ഇവിടങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ തിരക്കാണ്. ഇതോടെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും ഒഴിവാക്കാനായിട്ടുണ്ട്.
ബേക്കറികളിൽ പ്രധാന വിൽപന ഉപ്പേരി തന്നെ. ഉപ്പേരിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഉപ്പേരി വില ഉയർന്നപ്പോൾ ഏത്തയ്ക്കാ വിലയിലും മാറ്റം വന്നു. ഓണക്കാലമായതോടെ സ്വയം തൊഴിൽ സംരംഭകരും മറ്റും ഉപ്പേരിയും കളിയോടയ്ക്കയും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ നാട്ടിൻപുറങ്ങളിൽ വിറ്റഴിക്കുന്നുമുണ്ട്. ഏത്തന്‍ വിലയിലും ഏറ്റക്കുറച്ചില്‍ പ്രകമാണ്. നാടന് എഴുപത് രൂപ മുതല്‍ എണ്‍പതു രൂപ വരെയാണ് പലയിടത്തും വില. പച്ചക്കറി, ഏത്തന്‍ വില്‍പ്പനയില്‍ കൃഷി വകുപ്പിന്റെ മികച്ച വിപണി ഇടപെടല്‍ ആണ് ഇത്തവണത്തേത്.