തിരുവനന്തപുരം : ചേങ്കോട്ടുകോണത്ത് കെ എസ് ആര് ടി സി കണ്ടക്ടറെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കൊലക്കേസ് പ്രതിയായ ദീപുവാണ് പിടിയിലായത്. ശ്രീകാര്യം പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് ചേങ്കോട്ടുകോണ ത്തുവച്ച് വികാസ് ഭവന് യൂണിറ്റിലെ കണ്ടക്ടര്‍ പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര സ്വദേശി സുനില്‍കുമാറിനാണ് മര്‍ദനമേറ്റത്. ചെങ്കോട്ടുകോണത്ത് ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ കയറിയ ഒരാള്‍ ഡോര്‍ അടയ്ക്കാതെ പുറത്തുനിന്നവരോട് സംസാരിച്ചു. യാത്രക്കാരനെ ബസിനുള്ളില്‍ കയറ്റി ഡോര്‍ വലിച്ചടച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
യാത്രക്കാരനെ അകത്താക്കി വാതിലടച്ചപ്പോള്‍ പുറത്തുനിന്ന സുഹൃത്തുക്കള്‍ ബൈക്കില്‍ ബസിനെ പിന്തുടര്ന്നെത്തി, ഉദയഗിരിയില്‍ വച്ച് ബസിനെ തടയുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ അകത്ത് കയറി ബസിലുണ്ടായിരുന്ന സുഹൃത്തുമായി ചേര്‍ന്ന് ഇടിക്കട്ട കൊണ്ട് കണ്ടക്ടറെ മുഖത്തും നെഞ്ചിലും ഇടിച്ചു. കണ്ടക്ടറുടെ മൂക്കിന്റെ പാലം തകരുകയും നെറ്റിയിലും ദേഹത്തും മുറിവേല്‍ക്കുകയും ചെയ്തു. അതിനുശേഷം പ്രതികള്‍ കാഷ് ബാഗില്‍ നിന്നും പണവും തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു.