കുട്ടിക്കാനം : വാഗമൺ ഉണ്ണിച്ചെടിക്കാടിന് സമീപം മീൻമുട്ടി പാലത്തിവെച്ചുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ പാറ്റ്നാ സ്വദേശികളായ കൃഷ്ണകുമാറും ഭാര്യയും 9 വയസുള്ള മകനും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കൃഷ്ണകുമാറിന്റെ ഭാര്യ ദീപയാണ് മരിച്ചത്. കൃഷ്ണകുമാറും മകനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. വാഗമൺ സന്ദർശിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെയിൽ വാഗമൺ വളകോട് പാതയിൽ മീൻ മുട്ടി പാലത്തിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മൂവരും 20 അടി താഴ്ചയിലുള്ള ആറ്റിലേക്ക് പതിക്കുകയായിരുന്നു.
ആറ്റിലെ പാറക്കൂട്ടങ്ങൾക്കിടെയിലേക്കാണ് വീണത്. ഇത് പരിക്കുകൾ ഗുരുതരമാക്കി. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ആദ്യം വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോട്ടയത്തേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ കൃഷ്ണകുമാറിന്റെ ഭാര്യ ദീപയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണകുമാർ എറണകുളം റെയ്ൽവേ ജീവനക്കാരനാണ്. കൃഷ്ണകുമാറിന്റെയും 9 വയസുള്ള മകന്റെയും നില ഗുരുതരമാണ്. വാഗമൺ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.