തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസിലിൽ ഫത്തഹുദ്ദീൻ (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പോയ മുഹമ്മദ് യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജന്റ് മാർ ഉള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിലെ ഒരു ബ്രാഞ്ചിലെ ഷോപ്പ് മാനേജർ ആയി ജോലി നോക്കി വരുന്ന ഫത്തഹുദ്ദീൻ ഷോപ്പിൽ വരുന്ന ചില ഇടപാടുകാരെയും ചതിച്ചതായി പോലീസിന് സംശയമുണ്ട്.
ഇടപാടുകാരെ പരിചയപ്പെട്ട് വിവാഹ ആവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വിലക്കുറച്ചു സ്വർണം കൊടുക്കാമെന്നു പറഞ്ഞ് അവരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ വീടുകളിൽ പോയി ക്യാൻവാസ് ചെയ്ത് മുക്കുപണ്ടം വിൽപ്പന നടത്തിയതായാണ് സംശയം. ഇത്തരത്തിൽ ആർക്കെങ്കിലും ഫത്തഹുദ്ദീൻ സ്വർണം വീട്ടിൽ കൊണ്ട് തന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽ കൊണ്ട് പോയി സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. വാർത്ത കണ്ട് ജില്ലയുടെ പലഭാഗത്തു നിന്നും സ്വകാര്യ പണമിടപാടുക്കാർ നെടുമങ്ങാട് പോലീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, നർകോട്ടിക് ഡിവൈഎസ്പി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.