കോഴിക്കോട് : ഇൻസൻ്റീവ് മുടങ്ങിയിട്ട് ഒരു വർഷം. അതിജീവനം മുട്ടി ക്ഷേമ പെൻഷൻ വിതരണ രംഗത്തുള്ളവർ. ജോലിക്കിറങ്ങാൻ കടം വാങ്ങേണ്ട അവസ്ഥ. ധനകാര്യ വകുപ്പിൻ്റെ അനാസ്ഥയിൽ കടുത്ത പ്രതിഷേധം. സംസ്ഥാന സർക്കാറിൻ്റെ വിവിധ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപപിരിവുകാരടക്കമുള്ള താഴെ തട്ടിലുള്ള ജീവനക്കാർക്കാണ് 2024 മാർച്ച് മുതൽ 2025 ജനുവരി വരെ 9 തവണ പെൻഷൻ വിതരണം ചെയ്തതതിനുള്ള ഇൻസൻ്റീവ് ലഭിക്കാനുള്ളത്. ഒരാൾക്കിത് വീടുകളിലെത്തിച്ച് നൽകുന്നതിന് വിതരണം ചെയ്യുന്നവര്‍ക്ക് 25 രൂപയാണ് വേതനം. നേരത്തെയിത് 40 രൂപയായിരുന്നു. സാമ്പത്തിക പ്രയാസം മറയാക്കി 2023 ജനുവരിയിലിത് സർക്കാർ മുൻകാല പ്രാബല്യം നൽകി 25 രൂപയാക്കി വെട്ടി കുറച്ചു. എന്നിട്ടും വർഷങ്ങൾ കുടിശ്ശികയാക്കി ഭാഗികമായാണ് ഇപ്പോഴും നൽകുന്നത്.
സഹകരണ സ്ഥാപനങ്ങളിലെ തുച്ഛ വരുമാനക്കാരായ നിക്ഷേപ വായ്പാ പിരിവുകാർ, സ്വർണ്ണപരിശോധകർ, രാത്രി കാവൽക്കാർ ചിലയിടയങ്ങളിൽ സംഘങ്ങളിലെ ശമ്പളം പറ്റുന്ന ഏതാനും സ്ഥിരം ജീവനക്കാരുമാണ് ഇവ ഗുണഭോക്താവിന് എത്തിച്ചു നൽകുന്നത്. കത്തുന്ന വേനലിലും കോരിച്ചൊരിയുന്ന മഴയത്തും കിലോമീറ്ററുകൾ കാൽ നടയായും ഇരുചക്ര വാഹന മോടിച്ചും യാത്ര ചെയ്തും വേണം ഗുണഭോക്താവിനെ നേരിൽ കണ്ടെത്തി ഇവ വിതരണം ചെയ്യാൻ. ആൾ സ്ഥലത്തില്ലാതിരിക്കുകയോ വീടടച്ചിടുകയോ ചെയ്താൽ 2ഉം 3 ഉം തവണ കുന്നും മലയും വയലും പുഴയും താണ്ടി ഗുണഭോക്താവിന് തേടി ചെല്ലേണ്ട സ്ഥിതിയുമുണ്ട്. ഇതിന് വാഹനത്തിൽ പെട്രോളടിക്കാനും യാത്ര ചെയ്യാനുമായി നല്ലൊരു തുകയാണ് പലർക്കും ചില വാകുന്നത്. ചെയ്ത ജോലിക്കുള്ള കൂലി മാസങ്ങളായി ലഭിക്കാതിരിക്കുകയും പെൻഷൻ വിതണ സമയത്ത് പ്രധാന വരുമാനമായ നിക്ഷേപപിരിവിൽ നിന്നുള്ള വരുമാനം കുറയുന്നതും സാമ്പത്തിക പ്രതിസന്ധിയിണ്ടാക്കുകയും പലരേയും പട്ടിണിയിലാക്കുകയും ചെയ്യുന്നു.
ചെയ്ത ജോലിക്ക് മാസങ്ങൾ കൂലി ലഭിക്കാതിരിക്കുകയും തുടർന്നുള്ള ജോലിക്ക് കടം വാങ്ങിയോ മറ്റ് മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തിയോ യാത്രാ ചെലവുപോലും ഒപ്പിച്ചെടുക്കേണ്ട അവസ്ഥയിലാണ് വിതരണ രംഗത്തുള്ളവർ. മാത്രവുമല്ല വിഷു, ഓണം, റംസാൻ, ബക്രീദ്, ഈസ്റ്റർ പോലുള്ള ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ഇവ വിതരണത്തിന് എത്തുന്നത് കൊണ്ട് വിതരണ രംഗത്തുള്ളവർക്ക് കുടുംബമൊന്നിച്ചുള്ള ആഘോഷങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. 2024 ഡിസംമ്പറിലെ പെൻഷൻ വിതരണത്തിന് ഏൽപിച്ചത് മാർച്ചിൽ റംസാൻ്റെ തൊട്ടുതലോന്നും 2025 ജനുവരിലേത് ലഭിച്ചത് ഏപ്രിലിൽ വിഷുവിനോടനുബന്ധിച്ചുമാണ്. ഇതിനിടയിൽ റംസാൻ, വിഷു, പെസഹ വ്യാഴം ഈസ്റ്റർ, തുടങ്ങി ആഘോഷ ദിനങ്ങളും ഇതര പൊതുഒഴിവു ദിനങ്ങളുണ്ടായിട്ടും ജോലിയിൽ നിന്ന് മാറി നിൽക്കാതെ ആഘോഷ ദിനങ്ങളിൽ പോലും കടുത്ത വേനൽ ചൂടിലും മണിക്കൂറുകൾ യാത്ര ചെയ്താണ് അവശവിഭാഗത്തിന് പെൻഷൻ എത്തിച്ചു നൽകിയത്.
എന്നിട്ടും ചെയ്ത ജോലിക്ക് വേതനം നൽകാതെ സർക്കാർ നിരന്തരം അവഗണിക്കുകയാണ്. ഇതിനെതിരെ വീണ്ടും ശക്തമായ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിക്ഷേപ പിരിവുകാർ. മെയ് 25 ന് കോഴിക്കോട് നടക്കുന്ന കോഓപ്പറേറ്റീവ് ബാങ്ക് സ്‌ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഇത് സംബന്ധമായ തുടർസമരങ്ങൾ ആസൂത്രണം ചെയ്യും. മുൻകാല പ്രാബല്യം നൽകി തസ്തിക നിർണ്ണയിച്ച് സ്ഥിരപ്പെടുത്തുക, ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി പ്രമോഷൻ ഉറപ്പാക്കുക, അശാസ്ത്രിയ നിയമനങ്ങൾ തടഞ്ഞ് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയും സമ്മേളനം ചർച്ച ചെയ്യും. കുടിശ്ശികയുള്ള ഇൻസൻ്റീവും 2020, 2021 കോവിഡ് കാല സഹായ വിതരണ ഇൻസൻ്റീവും ഉടൻ അനുവദിക്കാൻ അടിയന്തിര ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി നൽകിയതായും കോ ഓപ്പറേറ്റീവ് ബാങ്ക് സ്‌ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.