മോസ്കോ: എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കി കാൽനൂറ്റാണ്ടോളമായി റഷ്യ വാഴുന്ന പ്രസിഡന്റ് വ്ളാദിമിർ പുതിനെ മുൾമുനയിൽനിർത്തി, വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിൻ നയിച്ച വിമതകലാപത്തിന് ഒരു വയസ്സ് തികയുന്നു. കലാപത്തിനു രണ്ടുമാസത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹമിന്നും റഷ്യക്കാർക്ക് വീരനായകനാണ്.
നിർണായകഘട്ടത്തിൽ റഷ്യക്കുവേണ്ടി ഒരുപാടെല്ലാം പ്രിഗോഷിൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മഹാനാണെന്നും 60 വയസ്സുകാരനായ റഷ്യക്കാരൻ അലക്സാണ്ടർ ഉലിയനോവ് പറയുന്നു. റഷ്യൻ സൈന്യത്തിലെ ചരിത്രപുരുഷനായി കണക്കാക്കുന്ന ജനറൽ മിഖായേൽ കുതുസോവിനോടാണ് ചിലർ പ്രിഗോഷിനെ ഉപമിച്ചത്. അദ്ദേഹം തങ്ങളുടെ ഹൃദയത്തിൽ ജിവിക്കുന്നെന്ന് മറ്റുചിലർ.
കഴിഞ്ഞമാസം പ്രിഗോഷിന്റെ കല്ലറയ്ക്കുസമീപം വാഗ്നർ സേനാംഗങ്ങളും അനുയായികളും ചേർന്ന് പ്രതിമ സ്ഥാപിച്ചിരുന്നു. 2023 ജൂൺ 23-24നാണ് റഷ്യയെ വിറപ്പിച്ച് മോസ്കോയിലേക്ക് പ്രിഗോഷിനും കൂട്ടരും വിമതകലാപം നയിച്ചത്. സൈനികനഗരമായ റോസ്കോവ് ഓൺ ഡോൺ പിടിച്ചെടുത്തായിരുന്നു തുടക്കം. 24 മണിക്കൂർ ആയുസ്സേ അട്ടിമറിശ്രമത്തിനുണ്ടായിരുന്നുള്ളൂവെങ്കിലും പുതിന്റെ 24 വർഷത്തെ ഭരണത്തിനേറ്റ വലിയ തിരിച്ചടിയിലൊന്നായിട്ടാണ് അത് കണക്കാക്കുന്നത്.