ചെങ്ങന്നൂര്‍ : നഗരസഭയുടെ അഗതിമന്ദിരം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. എട്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നഗരസഭയുടെ 6-ാം വാര്‍ഡില്‍ മംഗലം സൗത്തില്‍ അഗതിമന്ദിരം പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജനാണ് അഗതിമന്ദിരം ഉദ്ഘാടനം ചെയ്തത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം അഗതി പുനരധിവാസകേന്ദ്രം നിര്‍മ്മിക്കുന്നതിനായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 28 ലക്ഷം രൂപ ചെലവഴിച്ചാണ് അഗതിമന്ദിരം നിര്‍മ്മിച്ചത്.
2012 മാര്‍ച്ച് 23 ന് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും അഗതിമന്ദിരം എട്ടര വര്‍ഷക്കാലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ജനകീയാസൂത്രണ പദ്ധതിയില്‍ അഗതി പുനരധിവാസ കേന്ദ്രം നിര്‍മ്മിക്കാനായി വാങ്ങിയ സ്ഥലത്ത് മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിപ്പിക്കാനും കഴിഞ്ഞില്ല. അംഗനവാടി, പ്രാഥമികാരോഗ്യ കേന്ദ്രം, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി കെട്ടിടം ഉപയോഗി്കകണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അഗതിമന്ദിരമൊഴികെ മറ്റൊന്നിനുമായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് എട്ടര വര്‍ഷക്കാലം അടഞ്ഞു കിടന്നത്.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് ചെയര്‍മാനായിരുന്ന കെ.ഷിബുരാജന്റെ കത്ത് പ്രകാരം അഗതിമന്ദിരം ഗാന്ധി ഭവന്‍ മുഖേന തുറന്നു പ്രര്‍ത്തിക്കുന്ന വിഷയം കൗണ്‍സില്‍ അജണ്ടയായി പരിഗണിച്ചിരുന്നു. പ്രാദേശികമായി അഗതിമന്ദിരങ്ങള്‍ നടത്തുന്നവരെ പരിഗണിച്ചാല്‍ മതിയെന്ന ചില കൗണ്‍സിലര്‍മാരുടെ ആവശ്യത്തെ തുടര്‍ന്ന് അജണ്ട മാറ്റിവയ്ക്കുകയായിരുന്നു. അടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രം ചെങ്ങന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കേന്ദ്രത്തിന്റെ ചെയര്‍മാന്‍ രാജേഷ് തിരുവല്ല സമര്‍പ്പിച്ച അപേക്ഷ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍, തെരഞ്ഞെടുക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സമിതിയ്ക്കാണ് അഗതിമന്ദിരത്തിന്റെ മേല്‍നോട്ടം. അഗതിമന്ദിരം സംബന്ധിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും സമിതി യോഗം ചേര്‍ന്ന് കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. നിലവില്‍ പത്തുപേരെ സംരക്ഷിക്കാനുള്ള സൗകര്യമാണ് അഗതിമന്ദിരത്തിലുള്ളത്. കൂടുതല്‍ പേര്‍ക്ക് സൗകര്യമൊരുക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ പുതിയ ഒരു നിലകൂടി നിര്‍മ്മിക്കാവുന്ന വിധത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അഗതിമന്ദിരത്തിലുള്ളവരെ പരിചരിക്കാന്‍ ഒരു സമയം 3 ജീവനക്കാരാണുള്ളത്. കൂടുതല്‍ പേര്‍ എത്തുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് വരുത്തും. നഗരസഭാ പ്രദേശത്ത് അഗതികളായിട്ടുള്ളവര്‍ കൗണ്‍സിലറുടെ സാക്ഷ്യപത്രം സഹിതം എത്തിയാല്‍ അഗതിമന്ദിരത്തില്‍ താമസിക്കുന്നതിനുള്ള സൗകര്യം നല്‍കും. കൂടുതല്‍ പേര്‍ എത്തിയാല്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ മറ്റു സെന്ററുകളില്‍ താമസ സൗകര്യം ഒരുക്കും. നഗരസഭാ പ്രദേശത്തെ ആശ്രയരായി ആരുമില്ലാത്തവരെ വിദൂര സ്ഥലങ്ങളിലെ അഗതിമന്ദിരങ്ങളിലേക്ക് മാറ്റേണ്ടിവരുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഇതോടെ പരിഹാരം കാണാന്‍ കഴിഞ്ഞതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് പറഞ്ഞു.