മുംബൈ : മഹാരാഷ്ട്രയിൽ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് ഒഎന്‍ജിസിയുടെ രണ്ട് ബാർജുകൾ അറബിക്കടലിൽ മുങ്ങി. 410 പേരാണ് ബാർജുകളിലുണ്ടായിരുന്നത്. ഇവരിൽ 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. പര്യവേഷണ, നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള ബാര്‍ജുകളാണ് ഒഴുക്കില്‍പ്പെട്ടത്.
ബുദ്ധിമുട്ടേറിയ സാഹചര്യം മറികടന്ന് ബാര്‍ജ് പി305ല്‍ നിന്ന് രാവിലെ ആറുമണിവരെ 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് കൊച്ചി, കൊല്‍ക്കത്ത കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാഗര്‍ ഭൂഷണ്‍ റിഗില്‍ 101 പേരാണ് ഉള്ളത്. ബാര്‍ജ് എസ്എസ്–3ല്‍ 196 പേരും കുടുങ്ങിയിട്ടുണ്ട്. അതേസമയം ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ നാലു പേർ മരിച്ചു. രാജ്കോട്ട്, ഭവനഗര്‍ പ്രദേശങ്ങളില്‍ വന്‍നാശനഷ്ടമുണ്ടായി. കരതൊട്ടതോടെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.