ബോഡിനായ്കൂര്‍ : ഉല്പാദനം വര്‍ധിച്ചതോടെ ഉള്ളി വില ഗണ്യമായി കുറയുന്നത് തമിഴ്‌നാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു ഏകറില്‍ ഉള്ളി കൃഷി ചെയ്യുന്നതിന് 45,000 രൂപ വരെ ചിലവാകും. എന്നാല്‍ ഒരു കിലോ ഉള്ളിക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് മൊത്ത കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഈ വില തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിക്കായി ചെലവിട്ട പണം പോലും കിട്ടാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
കമ്പം താഴ്വരയുടെ അടിവാരമായ ഉപ്പുകോടൈ, കൂഴിയാനൂര്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്തിരുന്നത്. ആവശ്യത്തിന് ജലസേചന സൗകര്യങ്ങളും രോഗ ബാധയുമില്ലാത്തതിനാല്‍ പ്രദേശത്ത് ഉള്ളി നന്നായി വിളയുന്നുണ്ട്. എന്നാല്‍ ഉള്ളി വില മുന്‍ വര്‍ഷത്തെക്കാള്‍ പതിന്മടങ്ങ് കുറഞ്ഞതാണ് കര്‍ഷകരെ അലട്ടുന്നത്.