തിരുവനന്തപുരം : അശോക് ചവാൻ സമിതി ഓൺലൈൻ തെളിവെടുപ്പ് ആരംഭിച്ചതോടെ ആരാകും പുതിയ കെപിസിസി പ്രസിഡന്റ് എന്ന ചോദ്യം കോൺഗ്രസിൽ ശക്തമായി. ഡിസിസികളും അഴിച്ചു പണിക്ക് ഒരുങ്ങി. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയതോടെ അദ്ദേഹവുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുന്ന കെപിസിസി പ്രസിഡന്റിനെ വെയ്ക്കാനാണ് ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നത്. വർക്കിങ് പ്രസിഡന്റുമാർ എന്ന നിലയിൽ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ് എന്നിവർ സാധ്യത പ്രതീക്ഷിക്കുന്നു.
കെ. മുരളീധരനെ കെപിസിസി പ്രസിഡന്റായി തിരിച്ചു വിളിക്കണമെന്ന ആവശ്യവും ഉയർന്നു. എ വിഭാഗത്തിലെ പി.ടി. തോമസ്, കെ.സി. ജോസഫ് എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. തലമുറ മാറ്റത്തിന് അനുസൃതമായി കെപിസിസി വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥിനെ ചിലർ മുന്നോട്ടു വെച്ചിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോജിച്ചു നൽകിയ നിർദ്ദേശം ഹൈക്കമാൻഡ് തള്ളിയതിൽ മുതിർന്ന നേതാക്കൾ അമർഷത്തിലാണ്. അതുകൊണ്ടു തന്നെ ആരുടെയും പേര് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദ്ദേശിക്കാനില്ല എന്ന വികാരത്തിലാണ് ഇരുവരും.
മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരോടാണു ചവാൻ സമിതി അഭിപ്രായം തേടുന്നത്. പരാജയകാരണം എന്ത് എന്നതാണ് ഇവരോടുള്ള ചോദ്യം. കെപിസിസി പ്രസിഡന്റ് സംബന്ധിച്ച നിർദേശങ്ങൾ ചോദിക്കുന്നില്ല. നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ തെളിവെടുപ്പ് പൂർത്തിയാകും.
വി.കെ. ശ്രീകണ്ഠൻ (പാലക്കാട്) കൂടി രാജിവെച്ചതോടെ ഡിസിസി പുനഃസംഘടനയും നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. നേരത്തേ എം.ലിജു (ആലപ്പുഴ) സ്ഥാനം ഒഴിഞ്ഞിരുന്നു. വി.വി. പ്രകാശിന്റെ നിര്യാണത്തോടെ മലപ്പുറം ഡിസിസി അധ്യക്ഷസ്ഥാനവും ഒഴിഞ്ഞു കിടക്കുയാണ്.