തൃശൂര്‍ : ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25), വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുറഞ്ഞ പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നല്‍കി എസ്‌എംഎസുകള്‍ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കും. ലോണ്‍ പ്രോസസിങ് ഫീസ്, നികുതി, ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ചെറിയ തുകകളായി അക്കൗണ്ടുകളിലേക്കു പണം വാങ്ങിക്കും. വിശ്വാസ്യതയ്ക്കായി വ്യാജ രസീതുകള്‍ വാട്സാപ് വഴി നല്‍കും. ലോക്ക്ഡൗണ്‍ സമയത്ത് വരുമാനം നിലച്ചവരാണ് വലയില്‍ വീണതിലേറെയും.
ഡി.ഐ.ജി എ അക്ബറിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്.ആദിത്യയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമീഷണര്‍ കെ.കെ സജീവ്, തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.എ. അഷ്റഫ്, സബ് ഇന്‍സ്പെക്ടര്‍മാരായ സി.എ സുനില്‍കുമാര്‍, എം.ഒ നൈറ്റ്, കെ.എസ് സന്തോഷ്, അസി. സബ് ഇന്‍സ്പെക്ടര്‍ ആര്.എന്‍ ഫൈസല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ വിനു കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ വിനോദ് ശങ്കര്‍, കെ.കെ ശ്രീകുമാര്‍, വി.ബി അനൂപ്, എം.പി ശരത്ത്, വിഷ്ണു കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.