തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചാണ് പണം തട്ടുന്നത്. അതേസമയം, ബിൽ അടച്ചവരാണെങ്കിൽ പ്രത്യേക മൊബൈൽ നമ്പറിൽ കോൾ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഈ നമ്പറിലേക്ക് വിളിക്കുന്നതോടെ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടുന്നതാണ്.
കണക്ഷൻ വിച്ഛേദിക്കുന്നത് തടയാനായി ഒടിപി നൽകാൻ ആവശ്യപ്പെടുകയും, തുടർന്ന് അക്കൗണ്ടിലെ പണം കവരുന്നതുമാണ് തട്ടിപ്പ് രീതി. സന്ദേശത്തിന് പുറമേ, കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരെന്ന തരത്തിൽ സ്വയം അഭിസംബോധന ചെയ്തുള്ള കോളുകളും എത്തുന്നുണ്ട്. ഇത്തരം കോളുകളിൽ പ്രത്യേക ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈലിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിൽ എത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെഎസ്ഇബിയുടെ ഔദ്യോഗിക സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേര് എന്നിവ ഉണ്ടാകും. ബോർഡിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിൽ മാത്രമാണ് കുടിശ്ശികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്ഇബി പങ്കുവയ്ക്കുകയുള്ളൂ. കൂടാതെ, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളായ ബാങ്ക് അക്കൗണ്ട് നമ്പർ, ഒടിപി തുടങ്ങിയവ കെഎസ്ഇബി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.