മണിമല : മണിമലയില്‍ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നു പേർക്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായി. വിദേശത്ത് പഠനം പൂർത്തീകരിച്ച കരിമ്പനക്കുളം സ്വദേശിനിക്കും മണിമല ടൗണിലുള്ള യുവാവിനുമാണ് പണം നഷ്ടപ്പെട്ടത്. കരിമ്പനക്കുളം സ്വദേശിനിക്ക് സർട്ടിഫിക്കറ്റുകൾ കൊറിയർ അയച്ചുവെന്ന് പഠനം നടത്തിയ സ്ഥാപനത്തിന്‍റെ അറിയിപ്പ് ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാൻ കാത്തുനിന്ന ഇവർക്ക് കൊറിയർ ഏജൻസിയെന്ന് പറഞ്ഞ് കോൾ വരികയും രണ്ടു രൂപ ഫോണിൽ വന്ന ലിങ്കിൽ അയച്ചു നൽകുവാനും ആവശ്യപ്പെട്ടു. രണ്ടു രൂപയുടെ കുറവുള്ളതിനാൽ പാഴ്സൽ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് പറഞ്ഞതോടെ രണ്ട് രൂപ യുവതി അയച്ചു നൽകി. തൊട്ടടുത്ത ദിവസം അക്കൗണ്ടിൽ ഉണ്ടായിരുന്ന 65,000 രൂപയും നഷ്ടമായി.
സമാനമായ സംഭവമാണ് മണിമല ടൗണിലുള്ള യുവാവിനും ഉണ്ടായത്. മറ്റൊരു സംസ്ഥാനത്ത് പഠനം പൂർത്തീകരിച്ച് വന്ന യുവാവിനും സർട്ടിഫിക്കറ്റ് കൊറിയർ അയച്ചതിന് പിന്നാലെ തട്ടിപ്പുകാരുടെ കോളെത്തി. കൊറിയർ സ്ഥാപനമാണെന്ന് കരുതി രണ്ടു രൂപ അയച്ച ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും നഷ്ടമായി. പഴയിടം സ്വദേശിയുടെ ഒന്നരലക്ഷം രൂപയും കഴിഞ്ഞ ദിവസം നഷ്ടമായി. അമേരിക്കയിൽ നിന്നും സൗജന്യ ഗിഫ്റ്റ് അയച്ചതായി ഫോണിൽ മെസ്സേജ് വന്നിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഡൽഹിയിൽ നിന്നും ഒരു കോൾ പഴയിടം സ്വദേശിക്ക് എത്തി. 65 ലക്ഷം രൂപയുടെ കസ്റ്റമേഴ്സ് ക്ലിയറൻസിനായി 1.5 ലക്ഷം അയച്ചുതരാൻ ആവശ്യപ്പെട്ടു. പണം അയച്ചുകൊടുത്തതിന് പിന്നാലെ വീണ്ടും മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ പഴയിടം സ്വദേശിയും മണിമല പോലീസിൽ പരാതി നൽകി.