പുനലൂര്‍ : സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹം പുനലൂരിലെ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍. സബ്‌രജിസ്ട്രാര്‍ ടി.എം ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്. യുക്രൈനിലിരുന്ന് ജീവന്‍കുമാര്‍ പുനലൂരിലെ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെ നിയമപരമായി വിവാഹം കഴിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വധുവിന് കൈമാറി. കോവിഡ് സാഹചര്യത്തില്‍ യുക്രൈനില്‍നിന്ന് നാട്ടിലെത്താന്‍ കഴിയാതിരുന്ന പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാര്‍ട്ടിനും തമ്മിലായിരുന്നു വിവാഹം.
സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. അനുകൂലമായ വിധിയെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ്‌രജിസ്ട്രാര്‍ ഓഫീസ് വേദിയായി. ജില്ലാരജിസ്ട്രാര്‍ സി.ജെ.ജോണ്‍സണ്‍ ഗൂഗിള്‍ മീറ്റില്‍ത്തന്നെ വിവാഹം നിരീക്ഷിച്ചു.