തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പ്രവാസികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു. പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനും ശ്രമിക്കുന്നു.
രോഗവ്യാപനത്തെക്കുറിച്ച് ഭീതിപരത്തി നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നത് നീട്ടിവയ്ക്കണം. പുറത്തുനിന്നുവരുന്നവര്‍ക്ക് കൃത്യമായ ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല. മുഖ്യമന്ത്രി പ്രവാസികളോടും മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരോടും നേരിട്ട് സംസാരിക്കണം.
മനുഷ്യസാദ്ധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം മിക്കരാജ്യങ്ങളിലും ഇല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ കൊവിഡില്ലാത്ത എത്രപേരെ വേണമെങ്കിലും നാട്ടില്‍ എത്തിക്കാം.
കൊവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചു. മന്ത്രിമാരടക്കം കൊവിഡ് മാര്‍ഗരേഖകള്‍ ലംഘിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ കൊണ്ടുപോയ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.