തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഇടതു പക്ഷത്തിന്റെ തുടര്‍ഭരണത്തിനിടയില്‍ ആരും മുഖവിലയ്ക്കെടുക്കാതെ പോയ ഒരു റെക്കോര്‍ഡുമായി ഒരാള്‍ നിയമസഭയിലേക്ക് എത്തി. തുടര്‍ച്ചയായി വിജയം മാത്രം സ്വന്തമാക്കി, അതും ഒരേ മണ്ഡലത്തില്‍ നിന്ന് 12 തവണയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി ഇത്തവണ നിയമസഭയിലേക്ക് എത്തുന്നത്. ചരിത്രത്തില്‍ എഴുതപ്പെടേണ്ടതാണെങ്കിലും സ്വന്തം പാര്‍ട്ടിക്കാരും ഭരണകക്ഷിയും ഇത് ഗൌനിച്ചിട്ടില്ല. പന്ത്രണ്ട് തവണ ഒരേ ജനത ഒരേയൊരാളില്‍ തന്നെ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ ഇത് റെക്കോര്‍ഡ് തന്നെയാണ്. സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്. നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ് എങ്കില്‍ ഇപ്പോഴത് സ്വന്തം പേരിലേയ്ക്ക് ചേര്‍ത്ത് വെച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.
15-ാം നിയമസഭാംഗ ജീവിതം ഉമ്മന്‍ചാണ്ടിയ്ക്ക് പുതിയൊരു റെക്കോര്‍ഡിലേക്കുള്ള യാത്ര കൂടിയാണ്. കേരള നിയമസഭയുടെ ആറര പതിറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം അംഗമായിരുന്ന ആള്‍ എന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരു വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോള്‍ ഈ നേട്ടം ഉമ്മന്‍ ചാണ്ടിക്കൊപ്പം ചേരും. അന്ന് നിയമസഭാഗമായി 18,729 ദിവസം പൂര്‍ത്തിയാക്കും. അന്ന് അദ്ദേഹം കേരളചരിത്രത്തിന്റെ ഒരു ഭാഗമായി മാറും.