പത്തനംതിട്ട : കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 18- വ്യാഴാഴ്ച്ച നടക്കും. സ്മൃതി സമ്മേളനം, പുഷ്‌പാർച്ചന തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10- മണിക്ക് പത്തനംതിട്ട രാജീവ് ഭവനിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്‌പാർച്ചന നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും.
രാഷ്ടീയ കാര്യസമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
കെ.പി.സി.സി, ഡി.സി.സി പോഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് , പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേനങ്ങൾ, വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.