കല്‍പറ്റ: ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ പിണറായി സര്‍ക്കാറിന് നാണമില്ലേയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഫയലുകളും കൈയില്‍ വെച്ച് അതിനു മുകളില്‍ അഞ്ചുവര്‍ഷം അടയിരുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അന്വേഷണം നടത്തുന്നത് എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കല്‍പറ്റ ഡി.സി.സിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്ക് 100 ശതമാനവും ബന്ധമില്ല. അദ്ദേഹം പരിശുദ്ധനാണെന്ന് തെളിഞ്ഞതാണ്. രമേശ് ചെന്നിത്തല ആ വഴിക്ക് പോയിട്ടുപോലുമില്ല. ബിജൂ രമേശ് അന്ന് പറഞ്ഞതുതന്നെയാണ് ഇന്നും പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് എല്ലാം അന്വേഷിച്ചതായിരുന്നു. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സോളാര്‍ കേസില്‍ മുഴുവന്‍ സത്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്. അത് വരുമ്പോള്‍ കാണാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. മുന്നണിയിലെ പാര്‍ട്ടികളുമായാണ് ബന്ധം. എല്‍.ഡി.എഫ് അഞ്ചു വര്‍ഷവും ഓരോ കാരണങ്ങള്‍ പറഞ്ഞ് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.