ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസർക്കാർ. ഓപ്പറേഷൻ ദേവി ശക്തി എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിശേഷിപ്പിച്ചത്. വ്യോമസേനയ്ക്കും എയർ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അതേസമയം കാബൂളില്‍ നിന്ന് താജിക്കിസ്ഥാനിൽ എത്തിയ 78 പേരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റ ഉൾപ്പടെ 25 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ അഫ്ഗാൻ പൗരൻമാരായ സിഖ് സമുദായ അംഗങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്‍റെ മൂന്നു പതിപ്പുകളും ഈ വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, വി.മുരളീധരൻ എന്നിവർ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി.
രക്ഷാദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ മറ്റന്നാൾ വിദേശകാര്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി യോഗം വിളിക്കേണ്ടതായിരുന്നു എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ ആറു രാജ്യങ്ങൾ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാം എന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.