പത്തനംതിട്ട : കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറിമറിയുകയാണ്, ഒപ്പം പത്തനംതിട്ട എന്ന മലയോര ജില്ലയുടെയും. പത്തനംതിട്ട ജില്ലയുടെ യു.ഡി.എഫ് ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ്മായ വിക്ടര്‍ ടി.തോമസ് പാര്‍ട്ടിയിലും യു.ഡി.എഫിലും ഉണ്ടായിരുന്ന എല്ലാ സ്ഥാനമാനങ്ങളും ഇന്നലെ രാജി വെച്ചിരുന്നു. ഇതിന്റെ അലയൊലി അവസാനിക്കുന്നതിനു മുമ്പേ മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടു. ജില്ലയിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ ജോണി നെല്ലൂര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ ചെക്കേറുന്നത്. പുതിയ പാര്‍ട്ടി കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഘടക കക്ഷിയാകും. ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര ഇതോടെ കേരളത്തില്‍ മൊട്ടിടുകയാണ്.
കേരളാ കോൺഗ്രസിൽ നിന്നുള്ള രാജി തുടരുമെന്നാണ് വിവരം. പിജെ ജോസഫിന്റെ പാർട്ടിയിലെ പ്രബല വിഭാഗംതന്നെ പുതിയ പാർട്ടിയിലെത്തും. ഇതോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ശുഷ്ക്കമാകും. ഇടുക്കിയിലെ മുൻ ഡിസിസി പ്രസിഡണ്ടും പുതിയ പാർട്ടിയിലെത്തും. പുറത്തുപോയ പിസി തോമസിന്റെ പാർട്ടിക്ക് പകരമായി പുതിയ പാർട്ടിയെ എൻഡിഎയിൽ ഉൾപ്പെടുത്തുവാനാണ് ബി.ജെ.പി നീക്കം. ജനപക്ഷം നേതാവ് പിസി ജോർജും പാർട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന.
പത്തനംതിട്ടയില്‍ പി.ജെ കുര്യന്റെ അപ്രമാദിത്വത്തില്‍ പലര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. ആരും തുറന്നുപറയുന്നില്ല എന്നുമാത്രം. ഒരുകാലത്ത് ബാബു ജോര്‍ജ്ജും പി.ജെ കുര്യനും ചേര്‍ന്നാണ് പത്തനംതിട്ടയിലെ രാഷ്ട്രീയ പട്ടം പറത്തിയിരുന്നത്. അവസരം വന്നപ്പോള്‍ പി.ജെ കുര്യന്‍ ബാബു ജോര്‍ജ്ജിനെയും മലര്‍ത്തിയടിച്ചു. ഇത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടാണ് നല്‍കിയത്. താനിനി മത്സര രംഗത്തേക്ക് ഇല്ലെന്ന് ആണയിടുമ്പോഴും കേരള രാഷ്ട്രീയത്തില്‍ ശക്തമായി ചുവടുറപ്പിക്കുവാനാണ് പി.ജെ.കുര്യന്‍ ലക്ഷ്യമിടുന്നത്. ഇത് കോണ്‍ഗ്രസിലെ യുവജന വിഭാഗത്തിനിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമാകും.