പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ പോകാന്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റില്‍ കൂടി ഡോക്ടറിന്റെ സഹായം തേടാം. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍.
ഏത് വിഭാഗത്തിലെ ഡോക്ടറെ ആണ് ബന്ധപ്പെടണ്ടതെന്നു തിരഞ്ഞെടുത്തതിനുശേഷം ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി തീയതി തെഞ്ഞെടുത്തു കഴിഞ്ഞാല്‍ ഡോക്ടര്‍ നിങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും വേണ്ട നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി മരുന്നുകളുടെ കുറിപ്പും നല്‍കും. http://kgmoapta.com എന്ന വെബ്സൈറ്റില്‍ കയറി ഒപ്പം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജില്ലയിലെ വിവിധ ഡോക്ടര്‍മാരുടെ പേരുകള്‍ കാണാവുന്നതാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെയും പ്രാഥമികാരോഗ്യ – കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ എഴുപതോളം ഡോക്ടര്‍മാരുടെ സേവനം ഇതുവഴി പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താം.
‘ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍’ എന്ന വെബ്സൈറ്റിലൂടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ ഡോ. എസ്. ജ്യോതീന്ദ്രന്‍, ജില്ലാ സെക്രട്ടറി ഡോ. ടി. പ്രവീണ്‍, ട്രഷറര്‍ ഡോ. ഹരികൃഷ്ണന്‍, വനിതാ വിങ് സെക്രട്ടറി ഡോ.ബെറ്റ്‌സി വി. ബാബു, ജോയിന്റ് സെക്രട്ടറി ഡോ. ശ്രീകുമാര്‍, ഡോ.എസ്. ഗിരീഷ്, ഡോ. ശ്രീജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.