തിരുവനന്തപുരം : ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ വിധവ ആയത് അവരുടെ വിധിയെന്ന് നിയമസഭയില്‍ അധിക്ഷേപിച്ച മുന്‍മന്ത്രി എം.എം.മണി മാപ്പു പറയണമെന്നു പ്രതിപക്ഷം നിയമസഭയില്‍.
എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. സഭയുടെ തുടക്കത്തില്‍ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. രമയെ അവഹേളിച്ച എം.എം. മണി മാപ്പു പറയണമെന്നു പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു.
എംഎല്‍എയെ അധിക്ഷേപിച്ച അംഗം മാപ്പ് പറഞ്ഞില്ല. പക്ഷേ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയിപ്പിച്ചു. ടിപിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ പാര്‍ട്ടി കോടതിയുടെ ജഡ്ജി ആരെന്നു തന്നെക്കൊണ്ട് പറയിക്കരുത്. ടിപിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചുവെന്നും സതീശന്‍ ആരോപിച്ചു. എം.എം.മണിയുടെ പരാമാര്‍ശം അണ്‍പാര്‍ലമെന്‍ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കാമെന്നു സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കര്‍ നിലപാടെടുത്തു.
മണിയുടെ പരാമര്‍ശത്തില്‍ അപമാനകരമായി ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ‘അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്കു പങ്കില്ലെന്നാണു മണി പറഞ്ഞതെന്നും സിപിഎമ്മിനോ എല്‍ഡിഎഫിനോ പങ്കില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ്, ജയില്‍ വകുപ്പുകള്‍ സംബന്ധിച്ച ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു മണിയുടെ വാക്കുകള്‍. ”ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരെ, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ. ഞാന്‍ പറയാം, ആ മഹതി വിധവയായിപ്പോയി, അവരുടേതായ വിധി. അതിനു ഞങ്ങളാരും ഉത്തരവാദികളല്ല”. ”എന്നെ പേടിപ്പിക്കേണ്ട. പറയാനുള്ളതു പറയും. ചുമ്മാ മിണ്ടാതിരിയെടാ ഉവ്വേ ? ഈ കൂവിയിരുത്തലൊന്നും എന്റെ അടുത്തു നടക്കില്ല”- ഈ മട്ടിലായിരുന്നു മണിയുടെ പ്രതികരണം. ഭരണപക്ഷം ഡെസ്കിലടിച്ചും ഉറക്കെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചു.
നിയമസഭയില്‍ എം.എം.മണി നടത്തിയ വിവാദ പരാമര്‍ശത്തിലേക്കു നയിച്ചത് പോലീസിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് കെ.കെ.രമ നടത്തിയ പ്രസംഗമായിരുന്നു. പാര്‍ട്ടിക്കാരാല്‍ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പോലീസ് മാറിയെന്നു രമ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാര്‍ക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപ്പായുന്ന മുഖ്യമന്ത്രി, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. കൊന്നിട്ടും തീരാത്ത പകയാണു മണിക്കെന്നു രമ പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചു. പ്രസ്താവന തെറ്റായിപ്പോയെന്നു മുഖ്യമന്ത്രിയോ സ്പീക്കറോ പറഞ്ഞില്ല. അധിക്ഷേപത്തിലൂടെ തളര്‍ത്താമെന്നു കരുതേണ്ടെന്നും രമ പറഞ്ഞു.