തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബില്ല് 2026നെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബില്ല് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണമായും കാറ്റിൽപ്പറത്തുന്നതാണെന്ന് പിണറായി വിജയൻ വിമർശിച്ചു. ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ സുപ്രീംകോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താൽപര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും (സംസ്ഥാന ലിസ്റ്റിലെ ഇനം 18) സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാവുമോ എന്നും പിണറായി വിജയൻ ചോദിച്ചു. രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂർണമായും സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അപൂർവ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ തകർത്ത് കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ വ്യക്തമായ ഉദ്ദേശം. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.





























