ന്യൂഡൽഹി : പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദഗതിക്കും എൻആർസിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയർത്തി. അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ലോകസഭയിൽ കോൺഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ഗോഡ്സെ പാർട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ത്രിണമൂൽ കോൺഗ്രസ് അംഗങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കാളികളായില്ല.
പ്രതിഷേധങ്ങളുണ്ടായിട്ടും സ്പീക്കർ ഓം ബിർള ചോദ്യോത്തര വേള തുടർന്നു. ശൂന്യവേളയ്ക്ക് ശേഷം സഭ നിർത്തിവച്ചുവെങ്കിലും ഇത് ഉച്ചഭക്ഷണ സമയമാണെന്ന് വിശദീകരിച്ചാണ് സ്പീക്കർ സഭ വിട്ടത്. സർക്കാരിന് ജനങ്ങളുടെ ശബ്ദത്തെ വെടിയുണ്ടകൾ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സമ്മേളനത്തിനിടെ പറഞ്ഞു.
വെടിവയ്ക്കുന്നത് നിർത്തൂവെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ത്രിണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രയൻ, ടി ശിവ എന്നിവർ മറ്റ് സഭാ നടപടിൾ നിർത്തിവച്ച് രാജ്യത്തെ പ്രതിഷേധങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി.