തിരുവനന്തപുരം : ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നത്. സഭയ്ക്ക് പുറത്തിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്തു. ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണം ചര്‍ച്ച ചെയ്യാത്തത് അനൗചിത്യമാണെന്ന് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും അതിനു ശേഷമേ സഭാ നടപടികളില്‍ സഹകരിക്കൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ട വിരുദ്ധമാണെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. പിന്നാലെ സഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് മതില്‍ ഉത്ഘാടനം ചെയ്‌തു.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ ശരിയായ മറുപടി പറയണമെന്നതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. റേഡിയോ പോലെ ആര്‍ക്കും തിരിച്ചു പറയാനാകാത്ത രീതിയില്‍ സംസാരിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടതിയില്‍ ഇരിക്കുന്ന കേസാണെന്നു കരുതി ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉചിതമല്ല. പാര്‍ലമെന്റില്‍പോലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കോടതി പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്ക് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്നലെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് സ്‌പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചത്. സ്‌പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു സഭയില്‍ നിന്നും ഇറങ്ങി പോയ പ്രതിപക്ഷം പുറത്തു പ്രതീകാത്മക സഭ നടത്തി നോട്ടീസ് അവതരിപ്പിച്ചിരുന്നു.