കൊച്ചി : പരിസ്ഥിതി ലോല പ്രദേശത്ത് വെടിമരുന്ന് സൂക്ഷിക്കാനാവില്ലെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പാറ ഖനനവുമായി ബന്ധപ്പെട്ട് എക്സ്പ്ലോസിവ് മാഗസിന് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി നല്കിയ അപേക്ഷയാണ് തള്ളിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മെയ് 25ലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
റാന്നി താലൂക്കില്‍ പെരുനാട് വില്ലേജിലെ ഭൂമിയില്‍ വെടിമരുന്ന് സൂക്ഷിക്കുന്നതിന് അനുമതിക്കായാണ് കൊല്ലം സ്വദേശി അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഈ സ്ഥലത്തിന് തെക്ക്, വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ സംരക്ഷിതവനമാണെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്കി. മൂന്ന് വശവും റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട രാജാമ്പാറ സംരക്ഷിത വനഭൂമിയാണെന്നും വനഭൂമിയില്‍നിന്ന് 22 മീറ്റര്‍മാത്രം അകലത്തിലുള്ള പാറഭൂമിയില് സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാവില്ലെന്ന് ഡി.എഫ്.ഒയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.