മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ സമീപ മേഖലകളില്‍ കശാപ്പ് പാടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കി. കശാപ്പ് ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പലയിടത്തും ഉപേക്ഷിക്കുന്നതിനെ തുടര്‍ന്ന് പക്ഷികളുടെ സാന്നിധ്യം വര്‍ധിക്കുന്നത് വിമാനങ്ങള്‍ക്ക് അപകടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നഗരവികസന വകുപ്പ് സിഡ്കോ മാനേജിങ് ഡയറക്ടറുടെയും മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉന്നതതല എയറോഡ്രോം പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റി (എ ഇ എം സി) രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ സെക്രട്ടറി എന്‍ എം ഐ എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. ഉല്‍വെ മേഖലയില്‍ അംഗീകൃതമല്ലാത്ത കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മൃഗങ്ങളെ കശാപ്പ് ചെയ്ത് ആള്‍ത്തിരക്ക് കുറഞ്ഞ മേഖലകളില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് കഴുകന്‍, പരുന്ത് എന്നിവയടക്കമുള്ള പക്ഷികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും വിമാന സര്‍വീസിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി മൃഗ- പക്ഷി സംരക്ഷണ സംഘടനകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി ജി സി എയുടെ ഉത്തരവ്.