തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി ഉപഭോക്താവിന് നൽകിയ ഒരു കോടി രൂപ വീതമുള്ള മൂന്ന് കുടിശ്ശിക ബില്ലുകൾ റദ്ദാക്കാൻ അദാലത് ഉത്തരവ്. ഉപഭോക്താവിനോടുള്ള മോശപെരുമാറ്റത്തിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഹരജിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. തിരുവനന്തപുരം പയറ്റുവിള ബിജു വിഹാറിൽ രത്നാകരനാണ് (74) ഹരജിക്കാരൻ. തിരുവനന്തപുരം പെർമനൻറ് ലോക് അദാലത്തിേൻറതാണ് ഉത്തരവ്.
സീനിയർ സിറ്റിസണായ പരാതിക്കാരൻ 2002ലാണ് വാട്ടർ കണക്ഷൻ എടുക്കുന്നത്. എന്നാൽ വാട്ടർ അതോറിറ്റി കൃത്യമായി ബില്ല് നൽകിയില്ല. ഇക്കാര്യം പരാതി നൽകിയപ്പോൾ 2006 മാർച്ച് ഒമ്പതിന് കൃത്യമായി മീറ്റർ റീഡിങ് എടുക്കാതെ 70,263 രൂപയുടെ ബില്ല് കുടിശ്ശിക ഉൾപ്പെടെ കാട്ടി നൽകി. ഈ ബില്ല് ശരിയെല്ലന്ന് കാട്ടി പരാതിക്കാരൻ 2007ൽ ലോക് അദാലത് കോടതിയെയും ഹൈകോടതിയെയും സമീപിച്ചു. തുടർന്ന് ഹൈകോടതി വാട്ടർ അതോറിറ്റി നൽകിയ ബില്ല് റദ്ദാക്കുകയും ശരിയായ ബില്ല് തുകയായ 6560 രൂപ ഈടാക്കാനും പരാതിക്കാരനോട് നിർദേശിച്ചു. ഇയാളുടെ നിലവിലെ വാട്ടർ മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാനും മൂന്ന് മാസത്തിനുള്ളിൽ വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാനും ഉത്തരവ് നൽകി.