തൃശൂർ : തൃശൂർ യൂണിഭാരത് കോർപ്പ് കിസാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (Uni Bharath Corp Kissan Producer Company Limited) എന്ന സ്ഥാപനത്തിന് എതിരായി ജില്ലാ മജിസ്ട്രേറ്റ് നടപടിയെടുത്തു. BUDS ആക്ട് പ്രകാരമാണ് നടപടി. സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്ഥാവര – ജംഗമ വസ്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യുന്നതിനും ജപ്തി സ്ഥിരമാക്കുന്നതിനുള്ള ഹർജി നിയുക്ത കോടതിയിൽ ഫയൽ ചെയ്യുന്നതിനും ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കോമ്പിറ്റന്റ് അതോറിറ്റിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2023 സെപ്തംബര്‍ 4 ന് എറണാകുളം ROC യില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ കമ്പനി. അക്ഷയ, അഭിവൃദ്ധി എന്നീ ലോൺ ഡെപ്പോസിറ്റുകളുടെ പേരിൽ അമിത പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്നും കടപ്പത്രങ്ങളുടെ രൂപത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
യൂണിഭാരത് കോർപ്പ് കിസാൻ പ്രൊഡ്യൂസർ കമ്പനി വ്യവസ്ഥകൾ ലംഘിക്കുകയും ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്ത് കടപ്പത്രങ്ങളുടെ രൂപത്തിൽ പണം സ്വീകരിക്കുന്നതായും ആര്‍ ബി ഐ യുടെ മാർക്കറ്റ് ഇന്റലിജൻസ് ടീം കണ്ടെത്തിയിരുന്നു. 25,000 മുതൽ ആരംഭിക്കുന്ന തുകകൾക്ക് 12% ഉയർന്ന പലിശ നിരക്കിൽ കമ്പനി പ്രതിദിന വായ്പകൾ വാഗ്ദാനം ചെയ്യുന്നതായി സംസ്ഥാന പോലീസ് മേധാവിയും റിപ്പോർട്ട് ചെയ്തിരുന്നു. ആർബിഐയുടെ എംഐ സന്ദർശനത്തിലെയും എസ്പിസിയുടെ റിപ്പോർട്ടിലെയും കണ്ടെത്തലുകളുടെ വെളിച്ചത്തിൽ നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് പ്രതികൾ പൊതുജനങ്ങളിൽ നിന്ന് സ്ഥിരനിക്ഷേപം സ്വീകരിച്ചുവെന്ന് കോമ്പിറ്റന്റ് അതോറിറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തങ്ങളുടേത് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമാണെന്നും കടപ്പത്രത്തിലൂടെ ആരുടേയും പണം വാങ്ങിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം കോമ്പിറ്റന്റ് അതോറിറ്റിയെ ബോധ്യപ്പെടുത്തുമെന്നും കമ്പനി ചെയര്‍മാന്‍ അറിയിച്ചു. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/