ചെങ്ങന്നൂർ : മാനവരാശിയുടെ ഉത്ഭവം മുതൽ നിർമിത ബുദ്ധിയിൽ എത്തി നിൽക്കുന്ന പുരോഗതിയിൽവരെ പ്രധാന പങ്ക് വഹിച്ചത് മൂലകങ്ങളെന്ന് എം ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി. റ്റി. അരവിന്ദ് കുമാർ. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന്റെയും സമഭാവന ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച മൂലക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയവും സാങ്കേതികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾക്ക് മൂലകങ്ങൾ അടിസ്ഥാനമായതിനാൽ അവയെക്കുറിച്ച് പഠിക്കുന്നത് മനുഷ്യരാശിക്ക് നിർണായകമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ സ്‌കൂളുകൾ, ആർട്‌സ് & സയൻസ് കോളേജുകൾ, തുടങ്ങി 18 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 120 വിദ്യാർത്ഥികളും 30 അദ്ധ്യാപകരും സെമിനാറുകളിൽ പങ്കെടുത്തു. സിഎസ്ഐആർ എൻഐഐഎസ് റ്റിയിലെ (CSIR NIIST) പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ജോഷി ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ക്രിസ്ത്യൻ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ വിനോയ് തോമസ്, കെമിസ്ട്രി അദ്ധ്യാപകൻ ഡോ പ്രിൻസൺ പി സാമുവൽ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു.
ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൻ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. മ്യൂസ് മേരി ജോർജ്, ലൈബ്രറി കൗൺസിൽ സംസ്ഥാന ഭരണസമിതി അംഗം ജി കൃഷ്‌ണകുമാർ, സമഭാവന പ്രസിഡന്റ് ഡോ കുര്യൻ തോമസ്, ഡോ. മോളിസ് തോമസ്, പി. പത്മജദേവി, ലക്ഷ്മി രാജേന്ദ്രൻ, ക്രിസ്ത്യൻ കോളേജ് അധ്യാപകരായ അസിസ്റ്റന്റ് പ്രൊഫ. ബിജി എബ്രഹാം, ഡോ മനോജ് സി. രാജ്, ഡോ റാണി എബ്രഹാം, ഡോ. ആനീസ് ജോസഫ്, ഡോ. അൽക്ക ഇ. വർഗീസ്, ഡോ. റിനു എലിസബത്ത് റോയ്, ഡോ. ആൽബി അൽഫോൺസ് ബേബി, ഡോ. റിനി ജോസഫ് എന്നിവർ സംസാരിച്ചു.