ഒറ്റപ്പാലം: തുടർച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങൾ ഒറ്റപ്പാലം പോലീസിന് തലവേദനയാകുന്നു. അക്രമസാഹചര്യങ്ങൾ കൂടുന്നതിനാൽ പെട്രോൾ ഉൾപ്പെടെ പരിശോധന കർശനമാക്കിയിരിക്കുകയാണ് പോലീസ്. പാലപ്പുറം, മീറ്റ്‌ന മേഖലയിലാണ് അടിപിടിക്കേസുകൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഏഴ് വധശ്രമക്കേസുകളാണ് ഒറ്റപ്പാലത്ത് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കേസുകൾ മീറ്റ്‌നയിൽ രജിസ്റ്റർ ചെയ്യുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എസ്‌ഐയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റ സംഘർഷമുണ്ടായത്.
മദ്യപിച്ചിരിക്കേയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. പിന്നീട് ഈ അടിപിടി ചോദ്യം ചെയ്യാനെത്തിയവർ എസ്ഐയെയും കസ്റ്റഡിയിലെടുത്തയാളെയും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച അതിർത്തിത്തർക്കത്തിന്റെ പേരിലായിരുന്നു അക്രമം. സഹോദരനും മകനും ചേർന്നാണ് 59-കാരനെ കത്തികൊണ്ട് മുതുകിൽ മുറിവേൽപ്പിക്കുന്നത്. ഇതിൽ സഹോദരപുത്രനും പിടിയിലായി. കഴിഞ്ഞ 24-ന് ഒറ്റപ്പാലം എൻഎസ്എസ് കോളേജിലും വധശ്രമത്തിന് കേസെടുക്കുന്ന സാഹചര്യമുണ്ടായി. സാമൂഹികമാധ്യമത്തിലെ പോസ്റ്റിന് കീഴിലെ കമന്റായിരുന്നു പ്രശ്‌നത്തിന് തുടക്കം. കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയ കേസിൽ കോളേജിലെ യുയുസി അടക്കം നാല് വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.
ചിനക്കത്തൂർ പൂരം ദിവസം വയോധികനെ മർദിച്ച പ്രശ്‌നം അവസാനിച്ചത് കത്തിക്കുത്തിലാണ്.പിതാവിനെ മർദിച്ചതിന്റെ വൈരാഗ്യത്തിൽ കഴിഞ്ഞ 17-ന് മീറ്റ്‌ന സ്വദേശിയെ ചുനങ്ങാട് റോഡിൽവെച്ചാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇതിൽ കുത്തേറ്റയാൾ ശിവസേന ജില്ലാ ഭാരവാഹിയാണ് തിങ്കളാഴ്ച എസ്‌ഐയെ ഉൾപ്പെടെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. ഇതിന് പുറമേ പൂരത്തിന് രണ്ടുദിവസം മുമ്പ് മുണ്ടഞ്ഞാറയിലും മദ്യപിച്ചുണ്ടായ തർക്കമാണ് അക്രമത്തിലെത്തിയത്. ഈ കേസിൽ ഏഴുപേർ അറസ്റ്റിലായി. ഭൂരിഭാഗം കേസുകളും മദ്യപിച്ചുണ്ടായ തർക്കത്തിലോ ചെറിയ അഭിപ്രായവ്യത്യാസങ്ങളോ തുടർന്നോ ഉണ്ടായ അടിപിടികളാണ്.