തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരെ വരെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടും ഗുണ്ടകളെ പിടികൂടാതെ നിയമപാലകർ. സംസ്ഥാനത്ത് 1880 ഗുണ്ടകൾ വിലസുന്നുണ്ടെന്നും ഇവരെ ഉടൻ പിടികൂടണമെന്നും വോട്ടെടുപ്പിനു തൊട്ടു മുൻപു സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും റേഞ്ച് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു. വിവരം തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി. ഇതിൽ കൊലക്കേസ് പ്രതികൾ മുതൽ മണ്ണുമാഫിയ സംഘാംഗം വരെ പെടും. എന്നാൽ, കേരള പോലീസ് ആകെ പിടികൂടിയത് 107 ക്രിമിനലുകളെ മാത്രം. ഇവരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ വിവിധ കോടതികൾ ഉത്തരവിട്ടതുകൊണ്ടാണു നടപടയുണ്ടായത്. ബാക്കി 1773 ഗുണ്ടകൾ പുറത്തുതന്നെ.
മറ്റു പല ഗുണ്ടകളെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു റജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തി തിരികെ വിടുന്ന സ്ഥിതിയാണ്. ജയിലിൽനിന്നു ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഗുണ്ടകളെ പോലീസ് നിരീക്ഷിക്കുന്നില്ലെന്നും ആരോപണമുണ്ട്. കേരളത്തിലും ബെംഗളൂരുവിലുമായി 40 ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 470 പേർ സജീവമാണ്. അടുത്തയിടെ ഈ സംഘത്തിലെ 4 പേർ കർണാടക പൊലീസിന്റെ പിടിയിലായപ്പോഴാണ് ഇക്കാര്യം കേരള പൊലീസും അറിയുന്നത്. ലഹരിക്കടത്തിന്റെ മൊത്തക്കച്ചവടക്കാരാണിവർ. ബെംഗളൂരുവിൽനിന്നു വൻ തോതിൽ ലഹരിപദാർഥങ്ങൾ എത്തിച്ചു കേരളത്തിൽ വിതരണം ചെയ്തു ലക്ഷങ്ങൾ ഇവർ സമ്പാദിക്കുന്നെന്നാണ് വിവരം.