പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ യൂണിറ്റിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. 1500 ലിറ്റര്‍ ശേഷിയുള്ള യൂണിറ്റ് രണ്ട് ഘട്ടമായി പ്രവര്‍ത്തന സജ്ജമാകും. മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന പ്ലാന്റാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്.
ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റുകളില്‍ ആദ്യത്തേത് ജൂലൈ 2 ന് എത്തും. 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പ്ലാന്റുകള്‍ സ്ഥാപിച്ച ശേഷം മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മ്മിതി കേന്ദ്രയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല. പ്ലാന്റിന്റെ വൈദ്യുതീകരണത്തിനാവശ്യമായ 10 ലക്ഷം രൂപ പിഡബ്ലിയുഡി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഏല്പിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ആവശ്യകതയായി പരിഗണിച്ചാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. 15 ദിവസം കൊണ്ടാണ് ഇതിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജെറി അലക്‌സ്, ഇന്ദിരാ മണി, കൗണ്‍സിലര്‍മാരായ ആര്‍. സാബു, പി.കെ അനീഷ്, പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, എച്ച്.എം.സി അംഗങ്ങളായ പി കെ ജേക്കബ്, എം ജെ രവി, സുമേഷ് ഐശ്വര്യ, സത്യന്‍ കണ്ണങ്കര, ഷാഹുല്‍ ഹമീദ്, ജയപ്രകാശ് ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോള്‍, ആര്‍ എം ഒ ഡോ.ആശിഷ് മോഹന്‍ കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.