ബംഗളൂരു : കര്‍ണാടകയിലെ ജില്ല ആശുപത്രിയില്‍ മാത്രം ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് മരണത്തിന് കീഴടങ്ങിയത് 36 രോഗികളെന്ന് കണക്കുകള്‍. അതെസമയം സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ ഒരാള്‍ പോലും ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ മരണ റിപ്പോര്‍ട്ട് പൂജ്യം കണക്കില്‍. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കര്‍ണാടകയിലെ കോവിഡ് മരണസംഖ്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നു വന്നത് .
കര്‍ണാടക ഹൈകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലില്‍ കോവിഡ് 19 ന്‍റെ രണ്ടാം തരംഗത്തില്‍ ചാമരാജ്നഗറിലെ ജില്ല ആശുപത്രിയില്‍ 36 കോവിഡ് രോഗികള്‍ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കണ്ടെത്തല്‍ ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്തനാരായണ്‍ തള്ളികളയുകയും ഓക്സിജന്‍ ക്ഷാമം മരണത്തിന് കാരണമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
‘ചാമരാജ്നഗര്‍ ജില്ല ആശുപത്രിയുടെ അശ്രദ്ധയും പിഴവും ഓക്സിജന്‍ ക്ഷാമമായി വിലയിരുത്താന്‍ കഴിയില്ല. അത് ആശുപത്രിയുടെയും വ്യക്തികളുടെയും അശ്രദ്ധമൂലമാണ്. കര്‍ണാടകയില്‍ കേന്ദ്രസര്‍ക്കാറിന്‍റെ സഹായത്തോടെ ഓക്സിജനുകള്‍ എത്തിച്ചിരുന്നു’ – മന്ത്രി പറഞ്ഞു.
മേയ് നാലിനും പത്തിനും മദ്ധ്യേ ജില്ല ആശുപത്രിയില്‍ 62 മരണം സ്ഥിരീകരിച്ചതായി സമിതി കണ്ടെത്തിയിരുന്നു. ഇതില്‍ 36 പേര്‍ ഓക്സിജന്റെ അഭാവം മൂലം മേയ് രണ്ടിനും മൂന്നിനും മരിച്ചതായും സമിതി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയ ഉപമുഖ്യമന്ത്രി സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഒരാള്‍ പോലും മരിച്ചില്ലെന്ന വാദത്തിന് പിന്നാലെയാണ് ഈ സംഭവം.