ദില്ലി : ഓക്സിജന്റെയും കൊവിഡ് വാക്സീന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്നുമാസത്തേക്കാണ് ഓക്സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്. ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കൂടുതൽ വാക്സീൻ കേന്ദ്രങ്ങൾ സജ്ജമാക്കണം. കോവിൻ ആപ്പിനെ കുറിച്ച് കൂടുതൽ അവബോധം നൽകണം. ആരോഗ്യ പ്രവർത്തകർക്ക് ആപ്പ് ഉപയോഗിക്കാൻ പരിശീലനം നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഓക്സിജന്റെ ഗുരുതര പ്രതിസന്ധി തുടരവേ ഉത്തരേന്ത്യയില്‍ 25 പേരാണ് മരിച്ചത്. ദില്ലി ഗോൾഡൻ ആശുപത്രിയില്‍ 20 പേരും അമൃതസറിലെ ആശുപത്രിയില്‍ അഞ്ച് പേരുമാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ഓക്സിജന്‍ വിതരണം നിലച്ചതോടെ ദില്ലിയിലെ സരോജ്, ബത്ര ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.