കൊല്ലം : ഓയൂരില്‍ നിന്നും കോടികളുമായി മുങ്ങിയ ധനമിടപാട് സ്ഥാപന ഉടമയും ഭാര്യയും അറസ്റ്റില്‍. ഓയൂര്‍ മരുതമണ്‍ പള്ളി ജങ്ഷനുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ത്തിക ഫിനാന്‍സ് ഉടമ പൊന്നപ്പന്‍, ഭാര്യ ശാന്താകുമാരി എന്നിവരെ തിരുവനന്തപുരത്ത് നിന്ന് പൂയപ്പള്ളി സി.ഐ രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടി.
ആഗസ്റ്റ് 31നാണ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇവരുടെ ഫിനാന്‍സ് സ്ഥാപനം പ്രവര്‍ത്തിക്കാതെയായതോടെ നാട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു. 48 പേര്‍ നിക്ഷേപിച്ച ഒരുകോടി 22 ലക്ഷം രൂപയില്‍ 213 പരാതിക്കാരാണ് നിലവിലുള്ളത്. 452 പവന്‍ സ്വര്‍ണാഭരണം പണയം വെച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി.
പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലും ബന്ധുക്കളുമായി ബന്ധപ്പെടാത്തതിനാലും പോലീസിന് ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നു. അന്യ-സംസ്ഥാനത്തേക്കോ വിദേശത്തേക്കോ കടന്നോ എന്ന് പോലീസ് പരിശോധിച്ചതില്‍ അത്തരം ശ്രമങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓയൂരിലെ കാര്‍ത്തിക ഫിനാന്‍സ് സ്ഥാപനം തുറന്ന് പരിശാേധനകള്‍ നടത്തിയിരുന്നു. പക്ഷേ തുമ്പൊന്നും ലഭിച്ചില്ല. പരാതികള്‍ ശക്തമായതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
പ്രതികള്‍ പിടിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് പോലീസ് തിരുവനന്തപുരത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇതിലൂടെയാണ് പ്രതികള്‍ തിരുവനന്തപുരത്തെ ലോഡ്ജിലുള്ളതായി കണ്ടെത്തിയത്. ഇവര്‍ അഭിഭാഷകനുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് ജാമ്യമെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി അഭിഭാഷകന് 60,000 രൂപ നല്‍കിയെങ്കിലും സംഭവം അറിഞ്ഞ പോലീസ് ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതികള്‍ക്കെതിരെ വഞ്ചന, മണി ലെന്‍റിങ് ആക്‌ട് എന്നിവ പ്രകാരമുള്ള കേസുകളാണ് എടുത്തിരിക്കുന്നത്. കൂടാതെ പ്രതികളെ കാണാനില്ലെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. അതിനാല്‍ പ്രതികള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയതിനൊപ്പം തട്ടിപ്പ് കേസിലെ അറസ്റ്റും രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ ഉടമ പിടിയിലായെന്നറിഞ്ഞ് പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ ഫിനാന്‍സ് സ്ഥാപനത്തില്‍ നിക്ഷേപകരും നാട്ടുകാരും തടിച്ചു കൂടിയിരുന്നു.