തിരുവനന്തപുരം : പത്തനംതിട്ടയുടെ മുന്‍ ജനപ്രിയ കളക്ടര്‍ പി.ബി നൂഹിന്റെ കസേര വീണ്ടും ഇളകി. ഇത്തവണ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസില്‍ പി.ബി നൂഹ് ഉണ്ടാകും. അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും അഡീഷണല്‍ സെക്രട്ടറിയുടെയും ചുമതലയാണ് പി.ബി നൂഹിന് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ രണ്ടുപേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒന്ന് പി.ബി നൂഹും മറ്റൊരാള്‍ ഡി.ബാലമുരളിയുമാണ്. ഇദ്ദേഹം ലേബര്‍ കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് മുന്‍ ജില്ലാ കളക്ടര്‍ ആണ് ഡി. ബാലമുരളി.
അഞ്ചാം തീയതി വെള്ളിയാഴ്ച പി.ബി നൂഹ് പുതിയ പദവിയില്‍ പ്രവേശിക്കും. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ പദവിയില്‍ നിന്നും മാറ്റി തീര്‍ത്തും റബര്‍ സ്റ്റാമ്പായ സഹകരണ സംഘം രജിസ്ട്രാര്‍ പദവി നല്‍കി ഒരു ജനപ്രതിനിധി പകവീട്ടിയത്. ഫെബ്രുവരി ഒന്നാം തീയതി തിങ്കളാഴ്ചയാണ് പി. ബി നൂഹ് പുതിയ ഓഫീസില്‍ എത്തി ചാര്‍ജ്ജെടുക്കുന്നത്. വെറും മൂന്നു ദിവസം ആയപ്പോഴാണ് വീണ്ടും മാറ്റം ഉണ്ടായത്. മാറ്റം തിരുവനന്തപുരത്തുതന്നെ ആയതിനാല്‍ ബുദ്ധിമുട്ടില്ല. തന്നെയുമല്ല ഏറെ ഉത്തരവാദിത്തങ്ങളും ചുമതലകളും ഉള്ള പദവിയിലേക്കാണ് എത്തിയതും. അതുകൊണ്ടുതന്നെ പി. ബി നൂഹ് ഏറെ സന്തോഷവാനുമാണ്.
പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കളക്ടര്‍ ആയിരുന്നു മൂവാറ്റുപുഴ സ്വദേശി പി.ബി നൂഹ്. അതുപോലെതന്നെ ജില്ലയെ ഏറെ സ്നേഹിച്ച ഒരാളുമായിരുന്നു നൂഹ്. ജില്ലയില്‍ നിന്നും വിട്ടുപോകുമ്പോള്‍ ഏറെ വിഷമവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭരണപക്ഷത്തെ ഒരു എം.എല്‍.എയുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസമാണ് ഇദ്ദേഹത്തെ കളക്ടര്‍ പദവിയില്‍ നിന്നും ഒഴിവാക്കുവാന്‍ കാരണം. എന്നാല്‍ ഇടതുപക്ഷ സഹയാത്രികനായ പി.ബി.നൂഹ് തിരുവനന്തപുരത്ത് എത്തിയതോടെ തന്റെ പിടിപാടുകളും ബന്ധങ്ങളും ഉപയോഗിച്ചു. പത്തനംതിട്ടയില്‍ ജില്ലയുടെ ചുമതല മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ തെരഞ്ഞെടുപ്പ് ചുമതലയാണ് ലഭിച്ചിരിക്കുന്നത്. തന്നെ പത്തനംതിട്ടയില്‍ നിന്നും കെട്ടുകെട്ടിച്ചവരോട് മധുരപ്രതികാരം ഇനിയുണ്ടാകുമെന്നു കരുതാം.