പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും തണ്ണിത്തോട്ടിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട ബിനീഷ് മാത്യുവിന്റെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും കേരള കോൺഗ്രസ് (എം) ആക്ടിങ് ചെയർമാൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും മറ്റുസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. കാർഷിക വിദ്യാഭ്യാസ മേഖലകൾക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും വേനൽ മഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്നും കാർഷിക വ്യവസായ മേഖലയിൽ ഉത്തേജക പാക്കേജുകൾ നടപ്പിലാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ പ്രോഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, കുഞ്ഞു കോശി പോൾ, എബ്രഹാം കലമണ്ണിൽ, അഡ്വ. എൻ ബാബു വർഗീസ്, അഡ്വ.വർഗീസ് മാമ്മൻ , ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. ധർണയ്ക്ക് വി ആർ രാജേഷ്, ദീപു ഉമ്മൻ, കെ എസ് ജോസ്, കുഞ്ഞുമോൻ കെങ്കിരേത്ത് , ബിനു കുരുവിള, രാജു തിരുവല്ല, തോമസുകുട്ടി കുമ്മണ്ണൂർ , രാജു താമര പള്ളി, ഷിബു പുതുക്കേരി, അക്കാമ്മ ജോൺസൺ എന്നിവർ നേത്രുത്വം നല്‍കി.