പത്തനംതിട്ട : വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നടത്തുന്ന മീറ്റ് ദ മിനിസ്റ്റര്‍ അദാലത്ത് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശം ഉള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മുതല്‍ നടക്കും. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ട സംരംഭകര്‍ക്ക് നേരിലും പരാതികള്‍ സമര്‍പ്പിക്കാം. ജില്ലയിലെ വിവിധ വകുപ്പുകളായ കെഎസ്ഇബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍, ലീഡ് ബാങ്ക്, ഫയര്‍ ആന്റ് സേഫ്റ്റി, മൈനിങ്ങ് ആന്റ് ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലാമേധാവികള്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതും സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിലെ എംഎല്‍എമാരുമായി ജില്ലയുടെ വിവിധ വികസന സാധ്യതകളും സംരംഭ സാധ്യതകളും വിലയിരുത്തുവാന്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലയുടെ പദ്ധതികളും ഭാവി പരിപാടികളും വിശദീകരിക്കുന്നതിന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ മീറ്റ് ദ പ്രസ് പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം നാലു മുതല്‍ പത്തനംതിട്ട ഹെയ്‌ഡേ ഇന്നില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരും വിവിധ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവരുമായി മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തുന്നതും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഭാവി വികസന പരിപാടികള്‍ക്കായി സ്വീകരിക്കുകയും ചെയ്യും.