Monday, April 21, 2025 2:33 am

പി.സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം നേതാവും മുന്‍ എംപിയുമായ പി.സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാവും. സതീദേവിയെ വനിതാ കമ്മീഷനില്‍ നിയമിക്കുന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ധാരണയായി. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനകമ്മറ്റി അന്തിമതീരുമാനമെടുക്കും.

2004-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. എന്നാല്‍ 2009-ല്‍ അവര്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് പി.സതീദേവി. സി.പി.എം സംസ്ഥാന സമിതി അംഗമായ പി.ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.എം നേതാവ് എം.ദാസന്റെ ഭാര്യയുമാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അനൗദ്യോഗികമായി സതീദേവിയെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ എന്നാണ് വിവരം. ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന്‍ ഒഴിഞ്ഞ ശേഷം രണ്ട് മാസമായി വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത അവസ്ഥയായിരുന്നു. ചാനല്‍പരിപാക്കിടെ ഫോണ്‍ വിളിച്ച്‌ സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.

വനിതകള്‍ക്കെതിരെയുള്ള അക്രമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ ആലോചന നടത്തുന്നതിനിടെയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സതീദേവിയെ നിയോഗിക്കുന്നത്. സ്ത്രീധനപീഡനക്കേസുകളും ആത്മഹത്യകളും തുടര്‍ച്ചയായി നടക്കുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് നിയമസഭയില്‍ അടക്കം പലവട്ടം ചോദ്യം ഉയര്‍ന്നിരുന്നു. നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന മറുപടിയാണു സര്‍ക്കാരില്‍നിന്നു ലഭിച്ചത്.

ഷിജി ശിവജി, എം.എസ്.താര, ഇ.എം.രാധ, ഷാഹിദ കമാല്‍ എന്നീ നാല് അംഗങ്ങളാണു നിലവില്‍ കമ്മിഷനിലുള്ളത്. സ്ഥിരം അധ്യക്ഷയുടെ അഭാവത്തില്‍ ഓരോ യോഗത്തിലും ഇവര്‍ ഓരോരുത്തരുമാണ് അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. ഇക്കൂട്ടത്തില്‍ ഷാഹിദ കമാല്‍ പിഎച്ച്‌ഡി വിവാദത്തിലും സെല്‍ഫി വിവാദത്തിലും ചെന്നു പെട്ടിരുന്നു.

‘അനുഭവിച്ചോ’ വിവാദത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടിവന്ന കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈനു പകരം ആരെ നിയമിക്കുമെന്നതില്‍ ആശയക്കുഴപ്പത്തിലായിരുന്നു സിപിഎം നേതൃത്വം. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തക വേണോ, പാര്‍ട്ടിക്കു പുറത്തുനിന്നു നിയമപരിജ്ഞാനമുള്ളയാള്‍ വേണോ എന്ന സംശയത്തിലായിരുന്നു പാര്‍ട്ടി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സതീദേവിയെ നിയമിക്കാന്‍ തീരുമാനമായത്.

ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ചു പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോള്‍, ‘എന്നാല്‍ പിന്നെ അനുഭവിച്ചോ കേട്ടോ’ എന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ടായതോടെ തിടുക്കപ്പെട്ട് പാര്‍ട്ടി രാജി വയ്പിക്കുകയായിരുന്നു. വനിതാ കമ്മിഷന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു പുറത്തുപോക്ക് ആദ്യമായിരുന്നു.

അഞ്ചു മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷരില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയുള്ളയാള്‍ എം.സി.ജോസഫൈനായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയ ബലാബലത്തില്‍ വി.എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച നേതാവാണ് എം.സി ജോസഫൈന്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വി.എസ് പാര്‍ട്ടിയിലും സര്‍ക്കാരിലും അപ്രസക്തനായി മാറിയിരുന്നു. വി എസ് വിഭാഗത്തെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈന്റെ നിയമനത്തിനു പിന്നിലുണ്ടായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തക അധ്യക്ഷ സ്ഥാനത്തുവന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ കൂടുതലായി ഇടപെടാന്‍ കഴിയുമെന്നതായിരുന്നു പാര്‍ട്ടി പുറത്തുപറഞ്ഞ ന്യായീകരണം. എന്നാല്‍ അധ്യക്ഷ സ്ഥാനത്തിരുന്നു തുടര്‍ച്ചയായി ജോസഫൈന്‍ വിവാദങ്ങളുണ്ടാക്കിയതോടെ, രാഷ്ട്രീയ നേതാവിനെ വച്ചുള്ള വനിതാ കമ്മിഷന്‍ അധ്യക്ഷ പരീക്ഷണം പാളിയെന്നു നേതൃത്വം തിരിച്ചറിഞ്ഞു.

1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി റോസക്കുട്ടി എന്നിവര്‍ ജോസഫൈനു മുന്‍പ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഇതില്‍ ഡി.ശ്രീദേവി രണ്ടു തവണയായി ആറു വര്‍ഷം അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. 2017ല്‍ നിയമിക്കപ്പെട്ട എം.സി.ജോസഫൈന്‍ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണു രാജിവച്ചത്. ഏറ്റവുമധികം കാലം കമ്മിഷന്‍ അംഗമായിരുന്ന റെക്കോര്‍ഡ് നൂര്‍ബിന റഷീദിനാണ്. ആദ്യത്തെ വനിതാ കമ്മിഷനിലും അംഗമായിരുന്ന നൂര്‍ബിന, മൂന്നു കമ്മിഷനുകളുടെ കാലത്ത് അംഗമായിരുന്നിട്ടുണ്ട്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വലിയ പ്രചാരണ പരിപാടി തുടങ്ങിവച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ അതിവേഗ വിചാരണ നടത്താന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. സ്ത്രീധനത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ ഉപവാസം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഡംബര വിവാഹങ്ങള്‍ക്കെതിരെയുള്ള ബില്‍ വനിതാശിശുവികസന വകുപ്പിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം അധ്യക്ഷയെ കണ്ടെത്താന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...